ഒരു കൂടിക്കാഴ്ചയും ചില വസ്തുതകളും...
പാതിരാത്രിയില്‍ ഫോണ്‍ ബെല്‍ കേട്ട് ഞെട്ടിയുണര്‍ന്നു. 'ചേട്ടാ, തിരക്കിലാണോ...' എന്ന പതിവു ചോദ്യം കേട്ടപൊഴേ ആളെ പിടികിട്ടി.
'അല്ല പറഞ്ഞോളൂ...'
'ഞാന്‍ ചേട്ടന്റെ വീട്ടിലേക്ക് വരാനായ് പുറപ്പെടുകയാണ്. ശരിയായ ലൊക്കേഷന്‍ ഒന്നു പറഞ്ഞുതരാമോ...'
കുറച്ചു ദിവസം ഉറക്കമൊഴിഞ്ഞും മറ്റും വല്ലാതെ ക്ഷീണിതനായതിനാല്‍, ഒരു സുഹൃത്തിനെ സ്വീകരിക്കാനുള്ള മാനസാകാവസ്ഥയിലായിരുന്നില്ല, ഞാന്‍.
'വേണ്ട മാഷെ.., രണ്ടു ദിവസം കഴിഞ്ഞു വന്നാ മതി.., അതാ സൗകര്യം....'
'അതു പറ്റില്ല ചേട്ടാ..., ഞാനിപോ അങ്ങോട്ടു വന്നുകൊണ്ടിരിക്കയാണ്, ട്രെയിനില്‍. എവിടെയാ ഇറങ്ങേണ്ടത് എന്നു പറയൂ....'
'എങ്കില്‍ കായംകുളം സ്റ്റേഷനില്‍ ഇറങ്ങിക്കോ... ഞാനവിടെ വന്ന് കൂട്ടിക്കോളാം..'
'എങ്കിലും വീടിന്റെ ശരിയായ ലൊക്കേഷന്‍ ഒന്നു പറഞ്ഞേക്കൂ....'
ഞാന്‍ വഴിയും അടയാളങ്ങളും പറഞ്ഞുകൊടുത്തിട്ട് ഫോണ്‍ കട്ട് ചെയ്തു കിടന്നുറങ്ങി.
അതിരാവിലെ അയാളുടെ കോള്‍ കേട്ടാണ് ഉറക്കമുണര്‍ന്നത്. ശെടാ.. ഇയ്യാടെ ഒരു കാര്യം..
'ചേട്ടാ ഞാനിങ്ങെത്തി....'
'ങേ.. എവിടെ.?. കായംകുളത്ത് എത്തിയോ..?
'അല്ല ഞാന്‍ കാമ്പിശേരിയില്‍ എത്തി.. ഇനിയെങ്ങോട്ടാ....'
എടാ ഫയങ്കരാ.. പറഞ്ഞതിനിടയില്‍ ആളെത്തിക്കഴിഞ്ഞു.
'ഒരു ആട്ടോ വിളിച്ചിങ്ങു പോരെ...'
മിനിറ്റുകള്‍ക്കുള്ളില്‍ ദാ... വീട്ടുമുറ്റത്ത് നില്‍ക്കുന്നു സാക്ഷാല്‍ നിതേഷ് എടപാള്‍.!.
പ്രതീക്ഷിച്ചതിനേക്കാള്‍ ചെറുപ്പം, ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ സുന്ദരന്‍.
സൗമ്യന്‍. ചുറുചുറുക്കുള്ള ഒരു ചുള്ളന്‍ ചെക്കന്‍ എന്നു പറയാം.
ഫേസ് ബുക്കില്‍നിന്നു കിട്ടിയ കുറേ നല്ല സുഹൃത്തുക്കള്‍. അവരില്‍ വീട്ടിലെത്തുന്ന മൂന്നാമത്തെയാളാണ് നിതേഷ്.
ആദ്യമെത്തിയ ജയകുമാര്‍ ചെറുകരയും സജയനും ഹരീഷും ഒരു ഫുള്‍ ഡേ സെലിബറേഷനും കഴിഞ്ഞ്, രാത്രി പത്തരയ്ക്കു ശേഷവും പലവട്ടം യാത്ര പറഞ്ഞ്, മനസില്ലാ മനസോടെയാണ് പിരിഞ്ഞത്. അതിനിടയില്‍ ശശികല ഗംഗാധരനുമായ് ദീര്‍ഘനേരം ഫോണില്‍ കുശലാന്വേഷണവും തമാശയും.
രണ്ടാമത്തെയാള്‍ സമീപസ്വദേശിയായ റോയ്.കെ.ഗോപാല്‍. അതൊരു കാഷ്വല്‍ വിസിറ്റ് മാത്രമായ് ഒതുങ്ങി, അദ്ദേഹത്തിന്റെ തിരക്ക് കാരണം. റോയിയും ചിത്രത്തില്‍ കാണുന്നതിനേക്കാളൊക്കെ ചെറുപ്പം, സുന്ദരന്‍, ചുറുചുറുക്കന്‍.
പ്രൊഫൈലിലെ ചിത്രത്തില്‍ കാണുന്ന എന്നെ പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ആളെ കാണുമ്പോള്‍ ഒരത്ഭുത ഭാവമാണ് മുഖത്ത്. അയാള്‍ തന്നെയാണോ ഇയാള്‍.. എന്നൊരു മട്ട്.
ഏതായാലും, എന്റെ പ്രതീക്ഷയ്ക്കൊത്ത ഒരു സ്വീകരണം നിതേഷിന് നല്‍കാന്‍ കഴിഞ്ഞില്ല. വിരസമായ ഒരു പകലായ് അയാള്‍ക്ക് തോന്നിയിട്ടുണ്ടാവണം. 'ഹരിശ്രീ കവിതക'ളും ഫേസ് ബുക്കും ചക്കപ്പുഴുക്കുമൊക്കെയായ് വീട്ടില്‍തന്നെ കഴിച്ചുകൂട്ടി, ഒരു പകല്‍ മുഴുവന്‍. ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുക്കുവാന്‍കൂടി കഴിഞ്ഞില്ല. വൈകുന്നേരം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നു യാത്രയാക്കി.
സൗഹൃദങ്ങള്‍ നല്‍കുന്ന സ്നേഹവും സാന്ത്വനവും വളരെ വലുതാണ് എന്ന തിരിച്ചറിവാണ് ഇത്തരം കൂടിക്കാഴ്ചകളിലൂടെ കിട്ടുന്നത്. സൗഹൃദം ഒരു തണല്‍മരമാണ്. അത് തഴച്ചുവളരാന്‍ ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ സൈറ്റുകള്‍ നല്‍കുന്ന സംഭാവന വളരെ വലുതും. ആത്മ ബന്ധങ്ങളുണ്ടാവാന്‍ നേരിട്ടു കാണണമെന്നുതന്നെയില്ല എന്ന് ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
ഇത്തരം സൗഹൃദങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വഹിക്കുന്ന പങ്ക് പ്രത്യേകം സ്മരണീയമാണ്. എല്ലാ സുമനസുകള്‍ക്കും നന്ദി.
അറിയാത്തവ,രെങ്കിലുമേതോ
ആര്‍ദ്രതാലറിയുന്നൂ നാം
പറയുന്നീ,ലെങ്കിലുമെന്തോ
അന്യോന്യം പറയൂന്നൂ നാം...
----------------------------------------------------------------------------------------

No comments:
Post a Comment